വിവരാവകാശം

മേയ് 17, 2008

തിരുവനന്തപുരത്ത്‌ ബിഗ് ബസാര്‍ ഒന്നു കൂടി.

Filed under: വിവരാവകാശം — അങ്കിള്‍ @ 9:05 am

കഴിഞ്ഞയാഴ്ച പുതിയതായി തുറന്ന ബിഗ ബസാറിന്റെ ഒരു പുതിയ ഷോറൂമിനെ പറ്റി ഇവിടെ വായിക്കാം.  ബ്ലോഗറിലെ പോസ്റ്റ് അഗ്രിഗേറ്ററില്‍ കാണിക്കാത്തതു കൊണ്ടാണ് ഈ കുറുക്കു വഴി തേടുന്നത്‌. ക്ഷമിക്കണം.

ഫെബ്രുവരി 21, 2008

കേന്ദ്ര വിവരക്കമ്മിഷന്റെ ഒരു സുപ്രധാന തീരുമാനം.

കാര്‍ത്തിക്‌ ജയശങ്കര്‍ എന്ന സുപ്രീം കോടതി വക്കീല്‍ Ministry of Environment & Forests നോട്‌ ആവശ്യപ്പെട്ട കുറച്ച്‌ വിവരങ്ങള്‍ക്കു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു:
———————————
“as the information asked for requires obtaining and processing of information from various records, it is not possible to provide the required information.”
———————————അതായത്‌, “പല രേഖകളില്‍ നിന്നും ശേഖരിച്ച്‌ കോഡീകരിക്കേണ്ടതായതിനാല്‍ ചോദിച്ച്‌ വിവരം നല്‍കുന്നതു് അസാധ്യമാണ്‌.”ഇതിനതിരായി കേന്ദ്ര കമ്മീഷനില്‍ അപ്പീല്‍ നല്‍കി. അതിന്മേല്‍ 18-02-2008 ല്‍ മുഖ്യ വിവരകമ്മീഷണറായ മുജാഹത്‌ ഹബീബുള്ള പുറപ്പെടുവിച്ച ഉത്തരവാണ് ഈ പോസ്റ്റിന്റെ വിഷയം.

ആവശ്യപ്പെട്ട വിവരം നല്‍കുന്നതിനെതിരായി ബന്ധപെട്ട മന്ത്രാലയത്തിലെ സെക്രട്ടറി കണ്ടെത്തിയ കാരണം താഴെപറയുന്നതാണെന്ന്‌ മുഖ്യ കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി:-
————————————–
“As for furnishing processed information, this does not lie within the scope of the Act. Under the Act, only copies of documents are expected to be provided and not processed information.“
————————————–
“അതായത്‌, വിവരങ്ങളടങ്ങുന്ന രേഖകളുടെ പകര്‍പ്പ്‌ നല്‍കാനല്ലാതെ അവ ക്രോഡീകരിച്ച്‌ നല്‍കുന്നത്‌ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നില്ല” എന്ന്‌

മുഖ്യ കമ്മീഷ്ണറുടെ അന്വേഷണത്തില്‍ പിന്നെയും കുറച്ചു കാര്യങ്ങള്‍ കൂടി കണ്ടെത്തി:-

പല രേഖകളിലും ഫയലുകളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചെടുക്കേണ്ടതിനെയാണ്‌ (collect) ക്രോഡീകരിച്ച്‌ നല്‍കണമെന്ന (process) ധാരണയില്‍ നിഷേധിക്കപെട്ടത്‌. ആയതിനാല്‍

പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച്‌ നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന്‌ വിധിച്ചു.

കുറിപ്പ്‌: വളരെ സുപ്രധാനമായ ഒരു വിധിയാണിത്‌. പക്ഷേ, ഈ വിധിയില്‍ ഒരു ഉടക്കുണ്ട്‌. പലയിടങ്ങളിലും കിടക്കുന്ന വിവരങ്ങള്‍ ശേഖരിച്ചു (collect) കൊടുക്കണമെന്ന്‌ പ്രത്യേകം പറയുന്നുണ്ടെങ്കിലും അവയെ ക്രോഡീകരിച്ചു (Process) കൊടുക്കേണ്ടതുണ്ടൊയെന്ന്‌ പറഞ്ഞിട്ടില്ല. അറിഞ്ഞുകൊണ്ട്‌ തന്നെ അക്കാര്യം വിട്ടുകളഞ്ഞിരിക്കുന്നു. കാരണം, ശേഖരണവും (collection) ക്രോഡീകരണവും (processing) രണ്ടും രണ്ടാണെന്നുള്ള പരാമര്‍ശം ഈ വിധിയുടെ പലയിടത്തും നടത്തിയിട്ടുണ്ട്‌. എന്നിട്ടും തീരുമാനം എഴുതിയ സ്ഥലത്ത്‌ (process) നെ പറ്റി ഒന്നും പറഞ്ഞില്ല. ഒരു പക്ഷേ, ഈ കേസ്സില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരം പലയിടങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കേണ്ട ഒരു ലിസ്റ്റ്‌ ആയതു കൊണ്ടാകാം.

വിവരം ക്രോഡീകരിച്ച്‌ നല്‍കുന്നതു (Processed information) നിയമവിധേയമല്ലെന്നുള്ള ഒരു ധാരണയില്‍ മന്ത്രാലയങ്ങള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നുള്ള ഒരു കാര്യവും ഈ തീരുമാനത്തിന്റെ ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു.

ഇതേ വിഷയത്തിലുള്ള എന്റെ ഇവിടെയുള്ള പോസ്റ്റാണ്‌ ഇന്നീപോസ്റ്റ്‌ ഇടാനുള്ള പ്രചോദനം.

വിവരം ക്രോഡീകരിക്കാനുള്ള പ്രയാസം പറഞ്ഞാണ്‌ റബ്ബര്‍ബോര്‍ഡ്‌ കേരളാഫാര്‍മര്‍ക്ക്‌ നിഷേധകുറിപ്പയച്ചത്‌. ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന തീരുമാനം റബ്ബര്‍ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന്‌, അവര്‍ പ്രസിദ്ധപെടുത്തിയ റബ്ബര്‍ കണക്കുകള്‍ക്ക്‌ ഉപോദ്‌ഫലകമായ രേഖകളുടെ ശേഖരണം ഒന്നുകൂടി ആവശ്യപ്പെടാമെന്നു തോന്നുന്നു.

ആധാരം:ലിങ്ക്
Decision No. CIC/WB/C/2007/00345 dated 18/02/2008 on Complaint from Sh. Karthik Jayashankar Vs Ministry of Environment & Forests (MoEF) No.CIC/WB/C/2007/00345 dated 16.5.2007
Website: http://www.cic.gov.in/

ഫെബ്രുവരി 20, 2008

വിവരാവകാശ നിയമം 2005 – ഞാന്‍ മനസ്സിലാക്കുന്നത്‌.

Filed under: Right to Information Act, വിവരം, വിവരാവകാശ നിയമം — അങ്കിള്‍ @ 11:11 am

വിവരാവകാശ നിയമം – എന്താണിത്‌ – ഭാഗം ഒന്ന്‌മറ്റുപല നിയമങ്ങളും ഉണ്ടായതുപോലെ ‘വിവരാവകാശ നിയമവും’ സുപ്രീംകോടതിയുടെ ഇടപെടല്‍ മൂലമുണ്ടായതാണ്‌.വിവരം സ്വീകരിക്കാനും ശേഖരിക്കാനുമുള്ള പൗരന്റെ അവകാശം ഭരണഘടനാപരമായുള്ള – 19(1)(എ) – “ആശയപ്രകാശന സ്വാതന്ത്ര്യത്തില്‍” അന്തര്‍ലീനമാണ്‌.ഈ മൗലികാവകാശം അനുഭവവേദ്ദ്യമാക്കുവാനായി കേന്ദ്രസര്‍ക്കാര്‍ “വിവരസ്വാതന്ത്ര്യ“മെന്ന പേരില്‍ ഒര്‍ കേന്ദ്രനിയമം 2002-ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ പാസ്സാക്കി. എന്നാല്‍ ഈ നിയമത്തെ ഔദ്ദോഗിക ഗസറ്റില്‍ പ്രസിദ്ധം ചെയ്യാതെ ഗര്‍ഭത്തില്‍ വച്ചുതന്നെ അന്നത്തെ ബൂറൊക്രസ്സി വധശിക്ഷ നടപ്പാക്കി: വെളിച്ചം കാണിച്ചില്ല. തുടര്‍ന്ന്‌ വന്ന സര്‍ക്കാര്‍ മേല്‍പ്പറ‍ഞ്ഞ “വിവര സ്വാതന്ത്ര” നിയമത്തെ റദ്ദാക്കി. പകരം “വിവരാവകാശനിയമം 2005” എന്ന പേരില്‍ മേയ്‌ 2005-ല്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും കൊണ്ടുവന്ന്‌ പസ്സാക്കി, രാഷ്ട്രപതിയുടെ ഒപ്പ്‌ വാങ്ങിച്ച്‌ ഔദ്ദ്യോഗിക ഗസ്സറ്റില്‍ ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം വിജ്ഞാപനം ചെയ്തു. ഇതാണ്‌ ഇന്നു നിലവിലുള്ള “വിവരാവകാശ നിയമം“. 2005 ഒക്ടോബര്‍ 12 ന്‌ ഈ നിയമം പ്രബല്യത്തില്‍ വന്നു. വിവരാവകാശനിയമം കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയപ്പോള്‍, അത്‌ സംസ്ഥാനങ്ങള്‍ക്കുകൂടി ബാധകമാക്കിയതോടെ നിയമം പസ്സാക്കിയ സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും അതു നടപ്പായി. കേരളത്തിലെ ഉദ്ദ്യോഗസ്ഥ ദുഷ്‌പ്രഭുത്ത്വത്തിന്റെ തലയില്‍ ഒരിടിത്തീപോലെയാണ്‌ ഈ നിയമം വന്നു വീണത്‌. ഏതെങ്കിലും കാര്യം സര്‍ക്കാരില്‍ അന്വേഷിച്ചാല്‍ ഒരു വാക്കു പോലും പറയാത്തവര്‍ ഇന്ന്‌ ബന്ധപ്പെട്ട ഫയല്‍ തന്നെ പരിശോധിക്കാന്‍ തരേണ്ടിവരുന്നു. ഉദ്ദ്യോഗസ്ഥനുമായുള്ള വ്യക്തിബന്ധങ്ങളിലൂടെ നിങ്ങള്‍ക്ക്‌ routine news ലഭിക്കും. ‘വിവരാവകാശ നിയമ’ത്തിലൂടെ exclussive news കളും.

അറിവ്‌ കരുത്താണ്‌.ഈ അറിവ്‌ സമൂഹത്തിലെ ദുര്‍ബലവിഭാഗള്‍ക്ക്‌ പങ്കുവക്കുന്നതിലൂടെ പൗരനെ ശാക്തീകരിക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. ജനാധിപത്യമൂല്യങ്ങള്‍ക്ക്‌ അനുസൂതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനിര്‍വഹനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും പൊതുജനങ്ങള്‍ക്കാവശ്യമായ ഔദ്ദ്യോഗിക രേഖകളും മറ്റും യഥാസമയം ലഭ്യമാക്കുന്നതിനുമാണ്‌ ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 19,21 അനുച്ഛേദങ്ങളുടേയും സുപ്രീംകോടതി വിധിന്യായങ്ങളുടേയും നിയമരൂപമാണ്‌ 2005 ലെ വിവരാവകാശ നിയമം.

കേരളത്തില്‍ നിലവിലുള്ള വിവരാവകാശത്തെപ്പറ്റിയുള്ള ഏതാണ്ട്‌ എല്ലാ വിവരങ്ങളും സര്‍ക്കാര്‍തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ . ഇവിടെക്കാണുന്ന “പൊതുവെ ഉന്നയിക്കുന്ന ചോദ്യങ്ങളും” വിജ്ഞാനപ്രദമാണ്‌.

ഈ നിയമം നടപ്പാക്കുവാനുള്ള ‘വിവരാവകാശചട്ടങ്ങള്‍, 2006′ ഗസറ്റ്‌ വിജ്ഞാപനമായി 27-06-2006 ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഈ നിയമത്തിന്റെ വകുപ്പുകള്‍ക്ക്‌ വിധേയമായി എല്ലാ പൗരന്മാര്‍ക്കും അറിയാനുള്ള അവകാശമുണ്ട്‌.

എന്താണ്‌ അറിയാനുള്ള അവകാശം:-

ഏത്‌ പൊതു അധികാരിയുടെ നിയന്ത്രണത്തിന്‍ കീഴിലോ കൈവശമോ ഉള്ള എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന വിവരങ്ങള്‍ക്കുള്ള അവകാശമാണ്‌. ഈ അവകാശം താഴെപ്പറയുന്നവ കൂടി ഉള്‍കൊള്ളുന്നതാണ്‌.

  • പ്രമാണങ്ങളുടേയും രേഖകളുടേയും പരിശോധനകുറിപ്പടികള്‍ എടുക്കുന്നതും
  • പ്രമാണങ്ങളുടേയും രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എടുക്കുന്നതും
  • ഭാഗങ്ങള്‍മാത്രം എടുക്കുന്നതും മറ്റുംവസ്തുക്കളുടെ സാക്ഷ്യപ്പെടുത്തിയ സമ്പിളുകള്‍ എടുക്കുന്നത്‌
  • കമ്പൂട്ടറിലോ അതുപോലുള്ള മറ്റു സംവിധാനങ്ങളിലോ ശേഖരിച്ച്‌ വച്ചിട്ടുള്ള വിവരങ്ങള്‍.
  • ഡിസ്കുകള്‍,ഫ്ലോപ്പികള്‍, ടേപ്പുകള്‍, വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക്‌ രൂപത്തിലോ,
  • പ്രിന്റൗട്ടുകള്‍ വഴിയോ ലഭ്യമാക്കുന്നതും ഉള്‍പ്പെടുന്നു.

എന്താണ്‌ വിവരം:-

നിലവില്‍ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന
രേഖകള്‍,

  • പ്രമാണങ്ങള്‍,
  • കുറിപ്പുകള്‍,
  • പേപ്പറുകള്‍,
  • ഈ-മെയിലുകള്‍,
  • അഭിപ്രയങ്ങള്‍,
  • ഉപദേശങ്ങള്‍,
  • പത്രകുറിപ്പുകള്‍,
  • സര്‍ക്കുലറുകള്‍,
  • ഉത്തരവുകള്‍,
  • ലോഗ്‌ബുക്കുകള്‍,
  • കരാറുകള്‍,
  • റിപ്പോര്‍ട്ടുകള്‍,
  • സാമ്പിളുകള്‍,
  • മാതൃകകള്‍ തുടങ്ങിയ ഏത്‌ വസ്തുക്കളും,
  • ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച്‌ ഏതെങ്കിലും എലക്ട്രോണിക്‌ രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.

ഇതിന്‌വേണ്ടി ഒരു പൗരന്‍ നല്‍കേണ്ട ഫീസ്സ്‌:-

  • അപേക്ഷാ ഫീസ്സ്‌ – 10 രൂപ കോര്‍ട്ട്‌ഫീസ്സ്‌ സ്റ്റാമ്പ്‌ അപേക്ഷയില്‍ പതിച്ചാല്‍ മതി.
  • എ-4 വലിപ്പത്തിലുള്ള ഒരു പേജിന്‌ 2 രൂപ.
  • ആദ്ദ്യത്ത ഒരു മണിക്കൂറിന്‌ ഫീസില്ല. പിന്നീടുള്ള ഓരോ 30 മിനിട്ടിനും അതിന്റെ അംശത്തിനും 10 രുപ വീതം.
  • സി.ഡി, ഫ്ലോപ്പി എന്നിവക്ക്‌ 50 രുപ.
  • പ്രിന്റ്‌ചെയ്ത ഓരോ പേജിനും 2 രൂപ.
  • സാമ്പിള്‍ മോഡല്‍ എന്നിവക്ക്‌ അതിന്റെ യഥാര്‍ത്ഥ വില/ചിലവ്‌.

ശ്രദ്ധിക്കൂ: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണ് വിവരം ലഭിക്കേണ്ടതെങ്കില്‍ അപേക്ഷാ ഫീസ്സും മറ്റും നേരിട്ട്‌ കൊടുത്ത്‌ രശീത്‌ വാങ്ങുകയോ അല്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ അക്കൌണ്ട്സ്‌ ഓഫീസരുടെ പേരില്‍ വാങ്ങിയ ബാങ്ക്‌ ഡ്രാഫ്റ്റോ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.

അപേക്ഷകണ്‍ ദാരിദ്ര്യരേഖക്ക്‌ താഴെയാണന്നതി തെളിവ്‌ നല്‍കിയാല്‍ – ഫീ നല്‍കേണ്ടതില്ല.

ഫീസ്സ്‌ വാങ്ങിയാല്‍ ടി.ആര്‍-5 ല്‍ രസീത്‌ നല്‍കണം.പണം ട്രഷറിയില്‍ അടക്കേണ്ട ഹെഡ്‌: “0070 other administrative services-60 other services- 800 other receipts – 42 other items”

ഇതിന്‌വേണ്ടി ആരുടെയടുത്താണ്‌ പോകേണ്ടത്‌:എല്ലാ സര്‍ക്കാര്‍ ഓഫീസ്സുകളിലും, സ്ഥാപനങ്ങളിലും ഓരോ പ്രിന്‍സിപ്പല്‍ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ (പി.ഐ.ഒ) വേണം എന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു. ഏതൊരു ഇന്‍ഡ്യന്‍ പൗരനും 10 രൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പ്‌ ഒട്ടിച്ച വെള്ള പേപ്പറില്‍ ബന്ധപ്പെട്ട പി.ഐ.ഒ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാം.

ഈ പോസ്റ്റിനും, ഈ വിഷയത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന പോസ്റ്റുകള്‍ക്കും ആധാരമാക്കിയ രേഖകള്‍:
1. http://www.kerala.gov.in/reportsdouments/ria.htm
2. http://www.kerala.gov.in/reportsdouments/faq_ria.htm
3.അഡ്വക്കേറ്റും പത്രപ്രവര്‍ത്തകനുമായ ഡി.ബി. ബിനു 2/2007 ല്‍ ‘വിവരാവാകാശനിയമം’ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകം.
4. The Kerala Right to Information Rules

തുടക്കം

വിവരക്കമ്മിഷന്‍

ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.
തുടരും………

ഫെബ്രുവരി 17, 2008

വെറുതേ ഒന്നു ടെസ്റ്റ്‌ ചെയ്യാന്‍

Filed under: വിവരാവകാശം — അങ്കിള്‍ @ 12:23 pm

ടെസ്റ്റിങ് ഒണ്‍, ടു, ത്രീ.

ജനുവരി 22, 2008

വിവരാവകാശ നിയമം – അതിന്റെ പേരില്‍ എന്തും ചോദിക്കാമോ?

Filed under: RTI, വിവരാവകാശ നിയമം — അങ്കിള്‍ @ 4:41 am

ഈ പോസ്റ്റെഴുതാന്‍ കാരണം താഴെ കാണിച്ചിരിക്കുന്ന രണ്ടു കാര്യങ്ങളാണ്‌.

1. മാതൃഭൂമിയുടെ ‘തൊഴില്‍ വാര്‍ത്ത’യില്‍ വന്ന ഒരു ലേഖനവും അതിനെതിരായി Calicutter പത്രാധില്‍പര്‍ക്കയച്ചിരിക്കുന്ന കത്ത്‌
2. കേരളാ ഫാര്‍മര്‍ റബ്ബര്‍ ബോര്‍ഡില്‍ നിന്നും ആവശ്യപ്പെട്ടിരിക്കുന്ന വിവരം.

വിവരാവകാശ നിയമം വായിച്ചതില്‍ നിന്നും എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌, ചോദിച്ച വിവരമെന്തായാലും നല്‍കുവാന്‍ ഒരു പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ കഴിയില്ലെന്നു മാത്രമല്ല, നിയമം അങ്ങനെ അനുശാസിക്കുന്നുമില്ലെന്നാണ്‌.

2005 ലെ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന്‌ 120 ദിവസത്തിനകം പൊതു അധികാരികല്‍ അവരുടെ ഓഫീസുകളില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കേണ്ട കുറേ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ പറയുന്നുണ്ട്‌`(വകുപ്പ്‌ 4 (ബി)).

അതില്‍ അഞ്ചാമത്തേത്‌ഃ പ്രവര്‍ത്തന നിര്‍വഹണത്തിനായി ജീവനക്കാര്‍ ഉപയോഗിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ നിയന്ത്രണത്തിലോ കൈവശമോ ഉള്ള നിയമങ്ങളും ചട്ടങ്ങളും രേഖകളും ലഘുഗ്രന്ഥങ്ങളും ഏതെല്ലാമെന്ന്‌ പ്രഖ്യാപിക്കുക;

ആറാമത്തേത്‌ഃ അതിന്റെ കൈവശമുള്ളതോ നിയന്ത്രണത്തിലോ ഉള്ളതായ പല വിഭാഗങ്ങിളിലുമുള്ള പ്രമാണങ്ങളെ കുറിച്ചുള്ള ഒരു പ്രസ്താവന.

വകുപ്പ്‌ 2 പ്രകാരം ‘വിവരം’ എന്നതിനെ നിര്‍വചിച്ചിരിക്കുന്നത്‌ ഇപ്രകാരമാണ്‌:

എന്താണ്‌ വിവരം:-നിലവില്‍ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന:-
രേഖകള്‍,
പ്രമാണങ്ങള്‍,
കുറിപ്പുകള്‍,
പേപ്പറുകള്‍,
ഈ-മെയിലുകള്‍,
അഭിപ്രയങ്ങള്‍,
ഉപദേശങ്ങള്‍,
പത്രകുറിപ്പുകള്‍,
സര്‍ക്കുലറുകള്‍,
ഉത്തരവുകള്‍,
ലോഗ്‌ബുക്കുകള്‍,
കരാറുകള്‍,
റിപ്പോര്‍ട്ടുകള്‍,
സാമ്പിളുകള്‍,
മാതൃകകള്‍ തുടങ്ങിയ ഏത്‌ വസ്തുക്കളും,
ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സമ്പന്ധിച്ച്‌ ഏതെങ്കിലും എലക്ട്രോണിക്‌ രൂപത്തില്‍ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉള്‍പെടുന്നു.

തല്‍ക്കാലം നമ്മുടെ വിഷയത്തിലേക്ക്‌ കടക്കാന്‍ ഇത്രയും മതി.

ഈ നിയമം വഴിയുള്ള വിവരാവകാശം സുഗമമായി ലഭ്യമാക്കുന്നതിലേക്കാണ്‌ മേപ്പടി പട്ടികകള്‍ തരം തിരിച്ച്‌ പ്രസിദ്ധീകരിക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌. അതായത്‌ നാം ചോദിക്കുന്ന ‘വിവരം’ മുകളില്‍ പറഞ്ഞ അഞ്ചാമത്തേയോ ആറാമത്തേയോ ഐറ്റത്തിനകത്തുള്ളതായിരിക്കണം എന്നല്ലേ മനസ്സിലാക്കേണ്ടത്‌. ഒരാഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന്‌ പറയാത്ത കാര്യങ്ങള്‍ അവരോട്‌ ചോദിച്ചിട്ട്‌ കാര്യമില്ലല്ലോ.

ഇനി വിഷയത്തിലോട്ട്‌ വരാം. താഴെ എഴുതിയിട്ടൂള്ള തരത്തിലുള്ള ചോദ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം യൂണിവേര്‍സിറ്റിയോട്‌ ചോദിച്ചാല്‍ അതു നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണോ എന്നതാണ്‌ ഇവിടുത്തെ കാതലായ പ്രശ്നം.

ചോദ്യംകഴിഞ്ഞ 20 വര്‍ഷക്കാലത്ത്‌ എത്രപേര്‍ ബി.എ. പരീക്ഷ എഴുതി?, അതില്‍ ആണെത്ര? പെണ്ണെത്ര? അവരില്‍ എത്രപേര്‍ക്ക്‌ ഫസ്റ്റ ക്ലാസ്സുണ്ട്‌? എത്രപേര്‍ ജയിച്ചിട്ടും സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാതിരുന്നിട്ടുണ്ട്‌?

ചോദ്യംഃ എം.ബി.ബി.എസ്സ്‌. പരീക്ഷക്ക്‌ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ എത്രപേര്‍ അപേക്ഷിച്ചു? അവരുടെ ജാതി തിരിച്ചുള്ള കണക്കെത്ര?

ചോദിച്ചയാളിന്റെ ആവശ്യം, മേല്‍ചോദിച്ചകാര്യങ്ങളെല്ലാം കൂടി ഒരു കാപ്സൂള്‍ പരുവത്തിലാക്കി ഒറ്റപേജ്‌ രൂപത്തില്‍ ഇങ്ങ്‌തന്നാല്‍ ഒരു പേജിനുള്ള രണ്ടു രൂപ അങ്ങു തരും, അപേക്ഷാഫീ പത്തു രൂപാ വേറേ.

ഒന്നാമത്തെ ചോദ്യത്തിലുള്ള വിവരങ്ങളെല്ലാം തന്നെ ഒരു യൂണിവെര്‍സിറ്റിയുടെ ഓഫീസ്സില്‍ കാണാന്‍ സാധ്യതയുണ്ട്‌. പ്രശ്നം അവിടെയല്ല. ആ വിവരങ്ങളെല്ലാം ക്രോഡീകരിച്ച്‌ നാം ചോദിച്ച രീതിയില്‍ തയ്യാറാക്കിയ പ്രമാണങ്ങള്‍ അവിടെയുണ്ടാകുമോ. ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ രേഖയുടെ ഒരു പകര്‍പ്പ്‌ നല്‍കുവാന്‍ യൂണിവേര്‍സിറ്റി ബാധ്യസ്ഥരാണ്‌. ഇല്ലെങ്കിലോ? ആ വിവരങ്ങള്‍ കിടക്കുന്ന ആയിരക്കണക്കിനു ഫയലുകളെയും, രജിസ്റ്ററുകളേയും തപ്പിപ്പിടിച്ച്‌ ആവശ്യപ്പെട്ട പ്രകാരം ഒന്നിച്ചാക്കി നമുക്ക്‌ നല്‍കുവാന്‍ സാധ്യമാണോ? നിയമം അങ്ങനെ നിഷ്‌കര്‍ഷിക്കുന്നുണ്ടോ? ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം.

വിവരം (വകുപ്പ്‌ 2 എഫ്‌), പൊതു അധികാരിയുടെ കടമകള്‍ (വകുപ്പ്‌ 4 ബി), വിവരം നല്‍കുന്നതിനു കൊടുക്കേണ്ട ഫീസ്‌(ചട്ടം 4 എ), ഒരാഫീസില്‍ ചെന്ന്‌ അവിടെ ഉള്ള രേഖകള്‍ എന്തെല്ലാമെന്ന്‌ നേരിട്ട്‌ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുന്നതിനുള്ള പരിശോധനാ ഫീസ്‌(ചട്ടം 4 ഡി) എന്നീ കാര്യങ്ങളെ പറ്റി വിവരാവകാശനിയമവും, അതിന്റെ അടിസ്താനത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങളേയും ചേര്‍ത്ത്‌ വായിച്ചപ്പോള്‍ ഉണ്ടായ അഭിപ്രായമാണിത്‌. ഇരുമ്പുലക്കയൊന്നുമല്ല. ആര്‍ക്കും നിഷേധിക്കാം, വേറെ രീതിയില്‍ വ്യാഖ്യാനിക്കാം.

കുറച്ചുകൂടെ വിശദമാക്കട്ടെ. ‘വിവരം‘ എന്നാലെന്തെന്ന്‌ നേരത്തേ നാം കണ്ടു. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കേണ്ടതും, ഉണ്ടാക്കുന്നതുമായ രേഖകള്‍ എന്തൊക്കെ ആയിരിക്കുമെന്ന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.(120 ദിവസത്തിനുള്ളില്‍). അപേക്ഷാഫീ കൂടാതെ നമുക്ക്‌ നല്‍കുന്ന വിവരങ്ങള്‍ക്ക്‌, ഓരോ പേജിനും 2 രൂപാ നിരക്കില്‍ അധികഫിയും നല്‍കണം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌ ഒരാഫീസ്സില്‍ സൂക്ഷിക്കുന്ന രേഖകളുടെ പകര്‍പ്പല്ലേ ചോദിക്കാനാവു?. അല്ലാതെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ലല്ലോ. ഉത്തരമായിരുന്നെങ്കില്‍ ഓരോ ഉത്തരങ്ങള്‍ക്കും/ ചോദ്യങ്ങള്‍ക്കും ഈടാക്കാവുന്ന ഫീയെ പറ്റിയും പറയുമായിരുന്നു. എന്തൊക്കെ രജിസ്റ്ററുകളുണ്ടെന്ന്‌ നേരിട്ട്‌ പരിശോധിക്കാനും നിയമം അനുവാദം നല്‍കുന്നുണ്ട്‌. അല്ലാതെ നമുക്ക്‌ വേണ്ടുന്ന രീതിയില്‍ വിവരങ്ങളെ കോഡീകരിച്ച്‌ തരാന്‍ തുടങ്ങിയാല്‍ അഫീസുകളില്‍ അതിനുമാത്രമല്ലേ സമയമുണ്ടാകൂ. ഒരാഫീസില്‍ ഉണ്ടാകാവുന്ന പ്രാധമികവിവരങ്ങളുടെ അടിസ്താനത്തില്‍ എത്രയെത്ര തരത്തിലാണ്‌ വിവരങ്ങളെ കോഡീകരിച്ചെടുക്കാവുന്നത്‌. ചോദിക്കുന്നയാളിന്റെ മനോഗതിയനുസരിച്ചിരിക്കും അക്കാര്യങ്ങള്‍.

ഇവിടെ യൂണിവേര്‍സിറ്റിയോട്‌ ചോദിച്ചിരിക്കുന്ന വിവരങ്ങളിരിക്കുന്നത്‌ വെവ്വേറെ ഫയലുകളിലും, രജിസ്റ്ററുകളിലുമാണെങ്കില്‍ അതിന്റെയെല്ലാം പേജുകളുടെ പകര്‍പ്പ്‌ തരാന്‍ തയ്യാറാണെന്നും, എല്ലാം കൂടി ആയിരത്തോളം പേജുകള്‍ വരുമെന്നും പറന്‍ഞ്ഞ്‌ 2000 രൂപ ആവശ്യപ്പെട്ടാലോ?. എന്നാലും, നമുക്കാവശ്യമുള്ള രീതിയിലുള്ള വിവരം നമ്മള്‍ തന്നെ കിട്ടിയ രേഖകളില്‍ നിന്നും ക്രോഡീകരിച്ചെടുക്കേണ്ടി വരും.അതുകൊണ്ട്‌ മാതൃഭൂമിപത്രത്തിലെ തൊഴില്‍ വീഥിയില്‍ എഴുതിയ ലേഖനത്തെ കാലിക്കട്ടര്‍ വിമര്‍ശിച്ചതുപോലെ ചെയ്യാന്‍ ഞാനാളല്ല.

ഇനി, കേരളാ ഫാര്‍മരുടെ ആവശ്യം. മേല്‍ വിവരിച്ചതു പോലെ തന്നെയാണിതും. ചോദിച്ച രീതിയിലുള്ള വിവരം റബ്ബര്‍ ബോര്‍ഡില്‍ അതേപടി ഉണ്ടെങ്കില്‍ നല്ലത്‌. ഇല്ലെങ്കില്‍ അതുണ്ടാക്കി തരുമെന്ന്‌ എനിക്കുറപ്പില്ല. പിന്നെ റബ്ബര്‍ ബോര്‍ഡ്‌ ഒരു വാണിജ്യ സ്ഥാപനം പോലെ പ്രവര്‍ത്തിക്കുന്നതാണ്‌. മിക്കവാറും കാര്യങ്ങള്‍ അവിടെ കംപൂട്ടറില്‍ കൂടിയായിരിക്കും നിര്‍വഹിക്കുക. അങ്ങനെയെങ്കില്‍, കേരളാ ഫാര്‍മര്‍ ചോദിച്ചരീതിയിലുള്ള ഒരു റിപ്പോര്‍ട്ട്‌ ഉണ്ടാക്കാനുള്ള പ്രോഗ്രാം നിലവിലുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെയുള്ള ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ഉടനെ ഉണ്ടാക്കാന്‍ കഴിവുള്ള ഐറ്റി പ്രഗല്‍ഭര്‍ ഉണ്ടെങ്കില്‍ കേരളാ ഫാര്‍മര്‍ രക്ഷപെട്ടു.

പത്താം ക്ലാസ്സും ഗുസ്തിയും കൈമുതലുള്ള യുണിവേര്‍സിറ്റിയിലെ ഗുമസ്തര്‍ക്ക്‌ ഇതു കഴിയുമോയെന്തോ.

ഏതായാലും അധികം പഴക്കമുള്ള നിയമമല്ല. തുടക്കത്തില്‍ നമുക്ക്‌ എന്തും ചോദിച്ചു നോക്കാം. 120 ദിവസത്തിനുള്ളില്‍ പൊതു അധികാരികള്‍ ചെയ്തു വക്കേണ്ടിയിരുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെങ്കില്‍ അവര്‍ കുടുങ്ങിയതു തന്നെ. ഇപ്പോഴെങ്കിലും അക്കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടി വരും. ഇല്ലെങ്കില്‍ മുഴുവന്‍ ജീവനക്കാരുടേയും മുഴുവര്‍ സമയവും പോതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കുത്തരം കണ്ടുപിടിക്കുന്നതിലേക്ക്‌ വേണ്ടി ചിലവാക്കേണ്ടി വരുമെന്നത്‌ ഒരു സത്യം മാത്രം. പിന്നൊരു കാര്യം: ശമ്പളം കിട്ടണമെങ്കില്‍ ജോലി ചെയ്താല്‍ പോരേ. എന്തു ജോലി ചെയ്യണമെന്ന്‌ നിര്‍ബന്ധിക്കാതിരുന്നാല്‍ മതിയല്ലോ.

കഥയും കവിതയും മാത്രം വായിച്ചു പോകുന്ന ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഈക്കാര്യങ്ങള്‍ കൂടി വായിച്ച്‌ വിശകലനം ചെയ്യാന്‍ തയ്യാറായെങ്കില്‍!!! പൊതുനന്മയെ ഉദ്ദേശിച്ചാണേ…..

ആധാരം:1.Right to Information Act 2005
2.The kerala Right to information (Regulation of fee and cost) Rules 2006

ഒക്ടോബര്‍ 27, 2007

വിവരാവകാശ നിയമം സുപ്രീം കോടതി പോലീസിന്‌ നല്‍കിയ പതിനൊന്നു കല്‍പനകള്‍

Filed under: police arrests human rights conditions — അങ്കിള്‍ @ 9:41 am

സുപ്രീം കോടതി പോലീസിന്‌ നല്‍കിയ പതിനൊന്നു കല്‍പനകള്‍.

അറസ്റ്റ്‌ ചെയ്യുമ്പോള്‍ പോലീസ്‌ നിര്‍ബന്ധമായും പാലിക്കേണ്ട്‌ നടപടിക്രമങ്ങള്‍ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഈ വിധിന്യായം മാധ്യമങ്ങളില്‍ കൂടി ജനങ്ങളെ അറിയിക്കണമെന്നും സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കൂടാതെ എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും ഈ നിര്‍ദ്ദേശങ്ങളെ മാതൃഭാഷയിലാക്കി പൊതുജനങ്ങള്‍ കാണ്‍കെ പ്രദര്‍ശിപ്പിക്കണമെന്നും വിധിന്യായത്തില്‍ നിഷ്കര്‍ഷിക്കുന്നു. (ഡി.കെ.ബസു Vs വെസ്റ്റ്‌ ബംഗാള്‍ എന്ന കേസ്സ്‌)

സുപ്രീംകോടതി വിധി ഒരു നിയമമായിതന്നെ കണക്കാക്കി നടപ്പാക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്‌. (ഭരണഘടനയുടെ 141 -ം അനുച്ഛേദം). അതായത്‌ കോടതിയുടെ ഈ നിര്‍ദ്ദേശങ്ങളെ നടപ്പിലാക്കാത്ത്‌ ഉദ്ദ്യോഗസ്ഥരെ വകുപ്പ്‌തല നടപടികള്‍ക്കും കോടതിയലക്ഷ്യത്തിനും വിധേയമാക്കാം.ഏതെങ്കിലും പോലീസ്‌ സ്റ്റേഷനില്‍ ഈ നിര്‍ദ്ദേശങ്ങള്‍ കോടതി നിര്‍ദ്ദേശിച്ച പ്രകാരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. ഒരു കാര്യം തീര്‍ച്ചയാണ്‌. ഇക്കാര്യത്തില്‍ ഒരു കോടതിയലക്ഷ്യകേസ്സോ, വകുപ്പ്‌തല നടപടിയോ എടുത്തതായി കേട്ടിട്ടില്ല.

പുല്ലുവിലപോലും ഈ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നല്‍കിയിട്ടില്ലായെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാകണം സുപ്രീംകോടതി പിന്നീട്‌ ഒരു സുപ്രധാന ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. അതായത്‌ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന്‌ ഉറപ്പാക്കാന്‍ പോലീസ്‌ സ്റ്റേഷനുകളില്‍ മിന്നല്‍പരിശോധന നടത്താന്‍ ‘മനുഷ്യാവകാശ കമ്മീഷന്‌‘ അധികാരം നല്‍കി.

സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനുകള്‍ ഉപസമിതി രൂപീകരിച്ചുകൊണ്ട്‌ പോലീസ്‌ ലോക്കപ്പ്‌കളിലും ജയിലുകളിലും മുന്നറിയിപ്പൊന്നുമില്ലാതെ കടന്നുചെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലും പാലിക്കുന്നില്ലെങ്കില്‍ അത്‌ നേരിട്ട്‌ സുപ്രിംകോടതിക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാമെന്നായിരുന്നു നിര്‍ദ്ദേശം.

സുപ്രീം കോടതിയുടെ ഈ ഉത്തരവ്‌ ആദ്യം നടപ്പിലാക്കിയ മനുഷ്യാവകാശക്കമ്മീഷന്‍ കേരളത്തിലേതാണെന്ന്‌ പത്രപ്രവര്‍ത്തകനും വക്കീലും മായ ഡി.ബി.ബിനു തന്റെ ‘വിവരാവകാശനിയമം‘ എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. മാത്രമല്ല, സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ രൂപീകരിക്കപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉപസമിതി എറണാകുളം ജില്ലയിലെ ലോക്കപ്പുകളില്‍ മിന്നല്‍പ്പരിശോധന നടത്തിയപ്പോള്‍ കമ്മീഷനംഗം ഡോ. എസ്സ്‌. ബലരാമന്റെ സംഘത്തില്‍ അഡ്വ: ബിനുവുമുണ്ടായിരുന്നു.

ഡി.കെ.ബസുവിന്റെ കേസിലെ പതിനൊന്നു കല്‍പനകള്‍ എല്ലാ പോലീസ്‌ സ്റ്റേഷനുകളിലും മാതൃഭാഷയിലാക്കി പ്രദര്‍ശിപ്പിക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.ഇക്കാര്യവും മിന്നല്‍പരിശോധനാ സംഘം അന്വേഷിച്ചിരുന്നു. എറണാകുളത്തെ ഒരു പോലീസ്‌ സ്റ്റേഷനില്‍ പരിശോധന നടത്തവേ ‘പതിനൊന്ന്‌ കല്‍പനകള്‍‘ എവിടെയാണ്‌ പതിച്ചിരിക്കുന്നതെന്ന്‌ സംഘം അന്വേഷിച്ചു. എസ്‌.ഐ യും പോലീസ്‌കാരും പല ദിക്കിലും പരതിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം പോലീസ്‌കാര്‍ തന്നെ കണ്ടെത്തി. പോലീസ്‌ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം വിളംബരം ചെയ്ത്‌ പോസ്റ്റിന്‌ അടിയില്‍.

തുടര്‍ന്ന്‌ അന്വേഷണ സംഘത്തിന്റെ അന്നത്തെ തലവനായ ശ്രീ.ജേകബ്‌ പുന്നൂസ്‌ സംസ്ഥാനത്തെ പോലീസ്‌ സ്റ്റേഷനുകളിലേക്ക്‌ അയച്ച കത്തു പ്രകാരം ‘ഡി.കെ.ബസു V വെസ്റ്റ്‌ ബംഗാള്‍’ എന്ന കേസ്സിലെ സുപ്രീം കോടതിയുടെ കല്‍പ്പനകള്‍ പാലിക്കുന്നുണ്ടോയെന്നതിനെ സംബന്ധിച്ച്‌ വിശദാംശങ്ങള്‍ സമര്‍പ്പിക്കാര്‍ ആവശ്യപ്പെട്ടു. ഐ.ജി.യുടെ ഈ ഉത്തരവിന്‌ പാലക്കാട്‌ ആലത്തൂര്‍ സ്റ്റേഷനിലെ സബ്‌ ഇന്‍സ്പെക്ടര്‍ 2001 ജനുവരി 10ന്‌ നല്‍കിയ മറുപടി:

ഡി.കെ.ബസു V വെസ്റ്റ്‌ ബംഗാള്‍” എന്ന പേരുള്ള ആരെയും തന്നെ അറസ്റ്റ്‌ ചെയ്തിട്ടില്ല

സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി വന്നിട്ട്‌ കൊല്ലം പത്തു കഴിഞ്ഞിട്ടം സ്ഥിതിയില്‍ മാറ്റമൊന്നും വന്നിട്ടില്ല.

സുപ്രീംകോടതിയുടെ പതിനൊന്നു കല്‍പനകള്‍ താഴെകാണും പ്രകാരമാണ്‌:

(1) The police personnel carrying out the arrest and handling theinterrogation of the arrestee should bear accurate, visible and clearidentification and name tags with their designation. The particularsof all such police personnel who handle interrogation of the arresteemust be recorded in a register.

(2) That the police officer carrying out the arrest of the arrestee shallprepare a memo of arrest at the time of arrest and such memo shallbe attested by at least one witness, who may either be a member of thefamily of the arrestee or a respectable person of the locality fromwhere the arrest is made. It shall also be countersigned by thearrestee and shall contain the time and date of arrest.

(3) A person who has been arrested or detained and is being held incustody in a police station or interrogation centre or other lock-up,shall be entitled to have one friend or relative or other person knownto him or having interest in his welfare being informed, as soon aspracticable, that he has been arrested and is being detained at the particular place, unless the attesting witness of the memo of arrest ishimself such a friend or a relative of the arrestee.

(4) The time, place of arrest and venue of custody of an arrestee mustbe notified by the police where the next friend or relative of thearrestee lives outside the district or town through the Legal AidOrganisation in the District and the police station of the areaconcerned telegraphically within a period of 8 to 12 hours after thearrest.

(5) The person arrested must be made aware of this right to havesomeone informed of his arrest or detention as soon as he is putunder arrest or is detained.

(6) An entry must be made in the diary at the place of detentionregarding the arrest of the person which shall also disclose the nameof the next friend of the person who has been informed of the arrestand the names and particulars of the police officials in whose custodythe arrestee is.

(7) The arrestee should, where he so requests, be also examined at thetime of his arrest and major and minor injuries, if any present onhis/her body, must be recorded at that time. The “Inspection Memo”must be signed both by the arrestee and the police officer effecting thearrest and its copy provided to the arrestee.

(8) The arrestee should be subjected to medical examination by atrained doctor every 48 hours during his detention in custody by adoctor on the panel of approved doctors appointed by Director,Health Services of the State or Union Territory concerned. Director,Health Services should prepare such a panel for all tehsils anddistricts as well.

(9) Copies of all the documents including the memo of arrest,referred to above, should be sent to the Illaqa Magistrate for hisrecord.

(10) The arrestee may be permitted to meet his lawyer duringinterrogation, though not throughout the interrogation.

(11) A police control room should be provided at all district and Stateheadquarters, where information regarding the arrest and the placeof custody of the arrestee shall be communicated by the officercausing the arrest, within 12 hours of effecting the arrest

ഒക്ടോബര്‍ 21, 2007

വിവരാവകാശ നിയമം: Public Authority and Public Information Officer

  • വിവരാവകാശ നിയമം: Public Authority and Public Information Officer

    ഏതെങ്കിലും ഒരു ‘പൊതു അധികാരിയില്‍’ നിക്ഷിപ്തമായിട്ടുള്ള ‘വിവരങ്ങള്‍’ ഇന്‍ഡ്യന്‍ പൗരനായ ഒരാള്‍ക്ക്‌ ‘അറിയാന്‍’ ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ക്ക്‌ – പി.ഐ.ഒ. – 10 രൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പൊട്ടിച്ച്‌ ഒരു വെള്ളപേപ്പറില്‍ അപേക്ഷ നല്‍കിയാല്‍ മാത്രം മതി. 2005 ലെ ‘വിവരാവകാശ നിയമം’ ടി വിവരം ആധികാരികമായിത്തന്നെ നല്‍കണമെന്നനുശാസിക്കുന്നു.

    ‘പൊതു അധികാരികള്‍’ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌ ഇവരെയൊക്കെയാണ്‌:-

  • ഭരണഘടനയിലോ, അതിന്റെ കീഴിലോ;
  • പാര്‍ലമന്റ്‌ നിര്‍മ്മിച്ച ഏതെങ്കിലും നിയമത്തിലോ;
  • സംസ്ഥാന നിയമസഭയുടെ ഏതെങ്കിലും നിയമം വഴിയോ;
    ബന്ധപെട്ട സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഉത്തരവിന്‍മേലോ വിജ്ഞാപനം വഴിയോ, നിലവില്‍ വന്നതോ, രൂപീകരിക്കപെട്ടതോ ആയ സ്വയംഭരണമുള്ള അധികാരിയോ, ബോഡിയോ, ഇന്‍സ്റ്റിറ്റൂഷനോ ആണ്‌. ഇവ കൂടാതെ
  • പ്രത്യ്ക്ഷമായോ പരോക്ഷമായോ പ്രസക്തസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന്‌;
    യഥാര്‍ത്ഥത്തില്‍ ധനസഹായം നല്‍കുന്നതോ, നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള ബോഡി,
  • യതാര്‍ത്ഥത്തില്‍ ധനസഹായം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പെടുന്നു.

    2005 ജൂണ്‍ 15 മുതല്‍ 120 ദിവസ്സത്തിനകം പൊതു അധികാരികള്‍ ചെയ്യേണ്ട്‌ കാര്യങ്ങള്‍ എന്തെല്ലാമെന്ന്‌ അക്കമിട്ട്‌ ആക്ടിന്റെ വകുപ്പ്‌ 4 ല്‍ വിശദീകരിക്കുന്നുണ്ട്‌.

    എല്ലാ ‘പൊതു അധികാരികളും’ ഈ നിയമപ്രകാരം അപേക്ഷകര്‍ക്ക്‌ വിവരങ്ങള്‍ ലഭ്യമാക്കാന്‍ അവരവരുടെ ‘സംസ്ഥാന പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍’ മാരെ നിയോഗിക്കേണ്ടതാണ്‌.- ആക്ട്‌ 5(1). 2005 ഒക്ടോബര്‍ 12 മുതല്‍ നിയമം നടപ്പാക്കി 100 ദിവസത്തിനുള്ളില്‍ ഇവരുടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.

    ചുരുക്കത്തില്‍ എല്ലാ സര്‍ക്കാര്‍ ആപ്പീസുകളിലും സ്ഥാപനങ്ങളിലും ഓരോ പി.ഐ.ഒ. വേണം എന്ന്‌ നിയമം നിഷ്‌കര്‍ഷിക്കുന്നു.

    വിവരാവകാശനിയമത്തിന്റെ സൃഷ്ടി, സ്ഥിതി സംഹാരമൂര്‍ത്തിയാണ്‌ പി.ഐ.ഒ. എന്ന്‌ ചുരുക്കപേരുള്ള ‘പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍’.ഇയാളുടെ പേരും വിശദവിവരങ്ങളും എല്ലാ ഓഫീസ്‌ നോട്ടീസ്‌ബോര്‍ഡിലും പ്രദര്‍ശിപ്പിച്ചിരിക്കണം.

    ഇദ്ദേഹത്തിന്റെ മുമ്പാകെയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷയുടെ ഒരു സാമ്പിള്‍ സര്‍ക്കാര്‍ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. രേഖാമൂലമോ, ഇലക്ട്രോണിക്‌ മാധ്യമം വഴിയോ നിര്‍ദ്ദിഷ്ട ഫീസ്സുള്‍പ്പടെ അപേക്ഷ നല്‍കാം.

    അപേക്ഷകനെ ബന്ധപ്പെടാനാവശ്യമായ വിവരങ്ങളല്ലാതെ അപേക്ഷക്കുള്ള കാരണങ്ങളോ മറ്റേതെങ്കിലും വ്യക്തിപരമായ വിവരങ്ങളോ, വിശദാംശങ്ങളോ ആവശ്യപ്പെടാന്‍ പാടില്ല. എന്താവശ്യത്തിനാണ്‌ അപേക്ഷയിലെ വിവരങ്ങള്‍ തേടുന്നതെന്നും വ്യകതമാക്കേണ്ടതില്ല. പി.ഐ.ഒ. യ്ക്‌ ലഭിച്ച അപേക്ഷയിലുള്ള വിവരം മറ്റൊരാഫീസ്സിലാണെന്ന കാരണത്താലും അപേക്ഷ നിരസ്സിക്കാന്‍ പാടുള്ളതല്ല. ഏത്‌ ‘പൊതു അധികാരിയുടെ’ അധീനതയിലാണോ വിവരങ്ങള്‍ ഉള്ളത്‌, ബന്ധപ്പെട്ട വിലാസം കണ്ടുപിടിച്ച്‌ അപേക്ഷ അവിടേക്ക്‌ അയച്ചുകൊടുത്ത്‌ 5 ദിവസ്സത്തിനുള്ളില്‍ അക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിച്ചിരിക്കണം.

    അപേക്ഷയില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന കാരണത്താള്‍ മാത്രം അപേക്ഷ്‌ നിരസ്സിക്കാന്‍ പാടുള്ളതല്ല. സാധാരണഗതിയില്‍, ആവശ്യപ്പെട്ട രൂപത്തില്‍ തന്നെ വിവരങ്ങള്‍ നല്‍കണം.

    ഇംഗ്ലീഷിലോ, മലയാളത്തിലോ അപേക്ഷ നല്‍കാം. അസിസ്റ്റന്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും അപേക്ഷ സമര്‍പ്ഫിക്കാം. ചെറിയ ഓഫീസ്സുകളില്‍ എ.പി.ഐ.ഒ. മാര്‍ക്കായിരിക്കും ചുമതല. അപേക്ഷ എത്രയും വേഗം പരമാവധി 5 ദിവസ്സത്തിനകം ബന്ധപെട്ട പി.ഐ.ഒ.ന്‌ കൈമാറണം. വിവരം നല്‍കുവാനുള്ള ചുമതല പി.ഐ.ഓ വിനാണ്‌.

    അപേക്ഷക്ക്‌ നിയതമായ ഒരു രൂപം നിയമം നിഷ്‌കര്‍ഷിക്കുന്നില്ല. എന്നാല്‍ താഴപരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അപേക്ഷയില്‍ ഉണ്ടായിരിക്കണം:-

    1.നിങ്ങള്‍ക്ക്‌ എന്ത്‌ വിവരമാണ്‌ വേണ്ടതെന്ന്‌ വ്യക്തമാക്കണം;
    2.അപേക്ഷാഫീസ്‌ നല്‍കിയതിന്റെ തെളിവ്‌;
    3.അപേക്ഷകനുമായി ബന്ധപ്പെടാനുള്ള്‌ വിവരം.

    പൊതു അധികാരി നിര്‍ദ്ദേശിച്ച ഫോറത്തില്‍ അപേക്ഷ നല്‍കിയല്ലാ എന്ന കാരണത്താല്‍ അപേക്ഷ നിരാകരിക്കാനാവില്ല.

    അപേക്ഷ കിട്ടി 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കണമെന്ന്‌ വകുപ്പ്‌ 7(1) നിഷ്‌കര്‍ഷിക്കുന്നു. ഈ സമയത്തിനുള്ളില്‍ നല്‍കാന്‍ കഴിന്‍ഞ്ഞില്ലെങ്കില്‍ പിന്നീട്‌ സൗജന്യമായി നല്‍കേണ്ടി വരും.

    തുടക്കം

    ഞാന്‍ മനസ്സിലാക്കുന്നത്.

    വിവരക്കമ്മിഷന്‍

    ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

    തുടരും…….

ഒക്ടോബര്‍ 17, 2007

വിവരാവകാശ നിയമം – വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവ

Filed under: RTI, Right to Information Act, വിവരം, വിവരാവകാശം — അങ്കിള്‍ @ 4:31 am

വിവരാവകാശ നിയമം – വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവ.

നിയമത്തിലെ 8-ം വകുപ്പ്‌ പ്രകാരം താഴപ്പറയുന്ന വിവരങ്ങള്‍ ഒരു പൗരന്‌ വെളിപ്പെടുത്തികൊടുക്കുന്നതില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നു.-

  • (എ) ഇന്‍ഡ്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും രാഷ്ട്രസുരക്ഷയേയും ഇന്‍ഡ്യയുടെ യുദ്ധതന്ത്രം , ശാസ്ത്രസാമ്പത്തിക താല്‍പര്യം എന്നിവയേയും അന്തര്‍ദേശീയ സൗഹാര്‍ദ്ദ പരിപാലനത്തേയും ബാധിക്കുന്ന വിവരങ്ങള്‍;
  • (ബി) കോടതികളുടേയോ, ട്രിബൂണലുകളുടേയോ അവകാശലംഘനങ്ങള്‍ക്ക്‌ കാരണമാകുന്നതോ കോടതിയുത്തരവുകള്‍വഴി പരസ്യപ്പെടുത്തുന്നത്‌ തടഞ്ഞിരിക്കുന്നതോ ആയ വിവരങ്ങള്‍;
  • (സി) പാര്‍ലമെന്റിന്റേയോ, സംസ്ഥാനനിയമ സഭയുടേയോ പ്രത്യേകാവകാശങ്ങളുടെ ലംഘനത്തിന്‌ കാരണമായേക്കാവുന്ന വിവരങ്ങള്‍;
  • (ഡി) ഒരു മുന്നാം കക്ഷിയുടെ മത്സരാധിഷ്ടിത സ്ഥാനത്തിനു ദോഷമായേക്കാവുന്ന വണിജ്യരഹസ്യങ്ങളേയോ കച്ചവടരഹസ്യങ്ങളേയോ അല്ലെങ്കില്‍ ബൗദ്ധികസ്വത്തവകാശത്തേയോ സംബന്ധിക്കുന്ന വിവരങ്ങള്‍ – അതിന്റെ വെളിപ്പെടുത്തല്‍ വിശാലമായ പൊതുതാല്‍പര്യത്തിന്‌ ഹാനിയുണ്ടാക്കുമെന്നതിനാല്‍ ആ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടന്ന്‌ ബോധ്യപ്പെട്ടിരിക്കുന്ന സംഗതികളില്‍;
  • (ഇ) ഒരു വ്യക്തിക്ക്‌ അയാളുടെ വ്യാപാരബന്ധത്തെ തുടര്‍ന്ന്‌ ലഭിച്ച വിവരം വെളിപ്പെടുത്തേണ്ടത്‌ പൊതുജന താല്‍പര്യത്തിനാവശ്യമില്ലെന്ന്‌ പബ്ലിക്ക്‌ അതോറിട്ടിക്ക്‌ ബോധ്യപ്പെട്ടിരിക്കുന്ന സംഗതികളെ സംബന്ധിച്ച വിവരം;
  • (എഫ്‌) പരസ്പരവിശ്വാസത്തിലധിഷ്ടിതമായി വിദേശസര്‍ക്കാരില്‍ നിന്നും ലഭിച്ച രഹസ്യ വിവരം;
  • (ജി) ലഭ്യമാക്കേണ്ട വിവരം ഏതെങ്കിലും വ്യക്തിയുടെ ജീവനേയോ സുരക്ഷയേയോ അപകടപ്പെടുത്തുന്നതോ ആ അറിവിന്റെ ഉറവിടത്തെക്കുറിച്ച്‌ തിരിച്ചറിയാന്‍ ഉതകുന്നതോ നിയമനിര്‍വഹണത്തിന്‌ രഹസ്യമായി നല്‍കിയ സഹാത്തെ സംബന്ധിച്ചുള്ളതോ സുരക്ഷാകാര്യങ്ങളെക്കുറിച്ചുള്ളതോ ആയ വിവരങ്ങള്‍ ആണെങ്കില്‍;
  • (എച്ച്‌) കുറ്റന്വേഷണത്തേയോ പ്രതികളെ പിടികൂടുന്നതിനേയോ അല്ലെങ്കില്‍ കുറ്റവാളിയെ പ്രോസികൂട്ട്‌ ചെയ്യുന്നതിനേയോ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വിവരം;
  • (ഐ) മന്ത്രിമാരുടേയും സെക്രട്ടറിമാരുടേയും മറ്റ്‌ ആഫീസര്‍മാരുടേയും ചര്‍ച്ചകളുടെ രേഖകള്‍ ഉള്‍പ്പെടെയുള്ള മന്ത്രിസഭാ രേഖകള്‍; എന്നാല്‍ മന്ത്രിസഭയുടെ തീരുമാനങ്ങള്‍, അവയുടെ കാരണങ്ങള്‍ ഏതു വസ്തുതകളിന്മേലാണ്‌ എന്നുള്ളതും അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്തതിനു ശേഷം പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കേണ്ടതാണ്‌;
  • (ജെ) വെളിപ്പെടുത്തേണ്ട വിവരം വ്യക്തിപരമായിരിക്കുകയും അതു പൊതുപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്തതും ഒരു വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാകുന്ന തരത്തിലുള്ളതുമാണെങ്കില്‍ അതതുസംഗതികളില്‍ പി.ഐ.ഒ ക്കോ അപ്പലേറ്റ്‌ അതോറിറ്റിക്കോ വിവരം വെളിപ്പെടുത്തുന്നത്‌ വിശാലമായ ദേശീയതാല്‍പര്യത്തിന്‌ അനുഗുണമാണെന്ന്‌ ബോധ്യമാകാത്തിടത്തോളം അതു വെളിപ്പെടുത്താന്‍ പാടില്ലാത്തതാകുന്നു;

ഇന്റലിജന്‍സ്‌ ഏജന്‍സിയേയും സെകൂരിട്ടി ഏജന്‍സിയേയും നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ അനുവാദം നല്‍കുന്നതാണ്‌ നിയമത്തിലെ 24(4) -ം വകുപ്പ്‌. അതനുസരിച്ക്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം (SRO No,127/06) എട്ട്‌ വിഭാഗങ്ങളെ ഒഴിവാക്കി. ഇവയാണ്‌ അതെല്ലാം:-

  • സ്പെഷ്യല്‍ ബ്രാഞ്ച്‌ സി.ഐ.ഡി.
  • ക്രൈംബ്രാഞ്ച്‌ സി.ഐ.ഡി.
  • എല്ലാ ഡിസ്ട്രിക്ടിലും പ്രവര്‍ത്തിക്കുന്ന പോലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച്‌ ഓഫീസ്സുകള്
  • ‍പോലീസ്‌ ടെലികമ്മൂണിക്കേഷന്‍ യൂണിറ്റ്‌
  • പോലീസ്‌ ആസ്ഥാനത്തുള്ള കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ചും കേരളത്തിലെ എല്ലാ പോലീസ്സ്‌ ഓഫീസ്സകളിലേയും കോണ്‍ഫിഡന്‍ഷ്യല്‍ സെക്‌ഷനുകളും
  • ഫിംഗര്‍ പ്രിന്റ്‌ ബ്യൂറോകള്‍
  • ഇവയെകൂടാതെ ഫോറിന്‍സിക്‌ ലബോറട്ടറികളേയും
  • ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോയും കൂടി ഉള്‍പ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന്റെ രഹസ്യാന്വേഷണ, സുരക്ഷാവിഭാഗങ്ങളെ കേന്ദ്രനിയമത്തിലെ 2 -ം പട്ടികപ്രകാരം വിവരം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. 24-ം വകുപ്പ്‌ പ്രകാരം 18 വിഭാഗങ്ങളെയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുള്ളത്‌. എന്നാള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളേയൊ അഴിമതി ആരോപണങ്ങളേയൊ കുറിച്ചുള്ളതാണെങ്കില്‍ ഒഴിവാക്കാവുന്നതല്ല.

തുടക്കം

ഞാന്‍ മനസ്സിലാക്കുന്നത്.

വിവരക്കമ്മിഷന്‍

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.

തുടരും…….

ഒക്ടോബര്‍ 12, 2007

വിവര കമ്മീഷന്‍ – വിവരാവകാശ നിയമം-2

വിവര കമ്മീഷന്‍ – വിവരാവകാശ നിയമം-2

വിവരാവകാശ നിയമങ്ങള്‍ വഴി നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ച്‌ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിറവേറ്റുവാനായി സംസ്ഥാനത്ത്‌ ഒരു ‘വിവര കമ്മീഷന്‍’ രൂപീകരിച്ചിട്ടുണ്ട്‌. (വകുപ്പ്‌-15). ഇതില്‍ മുഖ്യ വിവര കമ്മീഷണറേയും 10 ല്‍ കവിയാത്ത വിവര കമ്മീഷണര്‍ മാരെയും നിയമിക്കാം.

കേരളസംസ്ഥാനത്ത്‌ മുഖ്യവിവര കമ്മീഷണറും നാല്‌ വിവരക്കമ്മീഷണര്‍ മാരുമുള്ള ഒരു ‘വിവരക്കമ്മീഷനാണ്‌’ രൂപീകരിക്കപ്പെട്ടിരിക്കുന്നത്‌.

അതില്‍ നിയമിതരായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌ ഇവരാണ്‌ :-

മുഖ്യ വിവരക്കമ്മീഷ്ണര്‍: ശ്രീ.പാലാട്ട്‌ മോഹന്‍ ദാസ്സ്‌ (ഡിസമ്പര്‍ 2005)
വിവരക്കമ്മീഷണര്‍മാര്‍:1) ശ്രി.വി.വി.ഗിരിയും,2) ശ്രി.പി.ഫസിലുദ്ദിനും,3) ശ്രി.പി.എന്‍.വിജയകുമാറും.

അഞ്ചുകൊല്ലത്തേക്കാണ്‌ നിയമനം.

സംസഥാന കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്‌. ഇവരുടെ മേല്വിലാസം:-

SRI.PALAT MOHANDAS, (Chief Information Commissioner), Punnen Road, Thiruvananthapuram-695 039,
Tel:(O)23322533,FAX 0471 2330920, Mobile: 9446509595
{ഏ-മൈല്‍: cഇcി‍ന്‍fഒകെരല.ഒര്‍ഗ്‌.ഇന്‍}

SRI.V.V.GIRI, (State Information Commissioner),
Tel:(O) 0471 2332566; 0471 2472520(R), Mobile:944847520,

SRI.P.FAZILUDDIN,(State information Commissioner)
Tel:0471 2332588, 2335199
Email:ici@infokerala.org.in ; pfaziluddin@yahoo.co.uk

SRI.P.VIJAYAKUMAR (State information Commissioner)
Tel: 0471 2332599(O), 0471 2720069(R)
E-mail: sic@infokerala.org.in

ഇവരെക്കൂടാതെ ധനകാര്യത്തിലും നിയമത്തിലും ഒരോ വിദഗ്ദരേയും 44 ജീവനക്കാരെയും അനുവദിച്ചിട്ടുണ്ട്‌.

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ മേല്‍നോട്ടം, മാര്‍ഗ്ഗദര്‍ശനം, കാര്യനിര്‍വഹണം മുതലായ ചുമതലകള്‍ സംസ്ഥാന ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറിലാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാര്‍ അദ്ദേഹത്തെ ഔദ്ദ്വോഗിക കാര്യങ്ങളില്‍ സഹായിക്കുന്നതാണ്‌.

സംസ്ഥാന ചീഫ്‌ ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറുടെ സേവനവ്യവസ്ഥകളും, ശമ്പളാനുകൂല്യങ്ങളും ഇലക്ഷന്‍ കമ്മീഷ്ണറുടേതിന്‌ തുല്യമായിരിക്കും.

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറുടെ സേവനവേതനവ്യവസ്ഥകളും ശമ്പളാനുകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ചീഫ്‌ സെക്രട്ടറിയുടേതിന്‌ തുല്യമായിരിക്കും.

കമ്മീഷനെ രണ്ടുതരത്തില്‍ പൗരന്‌ സമീപിക്കാം. ഏതെങ്കിലും ഓഫീസില്‍ പി.ഐ.ഒ. മാരെ സ്ഥാന നിര്‍ദ്ദേശം ചെയ്തിട്ടില്ലെങ്കില്‍, അപേക്ഷ നിരസ്സിക്കപ്പെട്ടാല്‍, നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ മറുപടി ലഭിക്കാതിരുന്നാള്‍, അന്യായമായി ഫീസ്സ്‌ നിര്‍ണ്ണയിച്ചാല്‍, തെറ്റായതോ, അപൂര്‍ണ്ണമായതോ, തെറ്റിദ്ധരിക്കുന്നതോ ആയ വിവരങ്ങള്‍ നല്‍കിയാല്‍ – 18 ം വകുപ്പനുസ്സരിച്ച്‌ പരാതികള്‍ സ്വീകരിക്കുവാന്‍ കമ്മീഷനുകള്‍ക്ക്‌ അധികാരമുണ്ട്‌. സ്വീകരിച്ച പരാതിയിന്മേല്‍ തീര്‍പ്പുണ്ടാക്കാന്‍ കമ്മീഷന്‍ ബാധ്യസ്തനാണ്‌. കമ്മീഷന്റേ പ്രവര്‍ത്തനങ്ങളെ സര്‍ക്കാരിനെ അറിയിക്കേണ്ടതും കമ്മീഷന്റെ കടമയാണ്‌.

പി.ഐ.ഒ.യുടെ തീരുമാനം തൃപ്തികരമല്ലെങ്കില്‍ 30 ദിവസ്സത്തിനകം അപ്പല്ലെറ്റ്‌ അതൊറിറ്റി മുമ്പാകെ ഒന്നാം അപ്പീല്‍ സമര്‍പ്പിക്കാം.അപ്പലേറ്റ്‌ അതൊറിട്ടിയുടെ തീരുമാനത്തിനെതിരെ 90 ദിവസത്തിനകം സംസ്ഥാന കമ്മീഷനില്‍ രണ്ടാം അപ്പീലും സമര്‍പ്പിക്കാം.

തുടക്കം

ഞാന്‍ മനസ്സിലാക്കുന്നത്.

ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.

തുടരും……..

ഒക്ടോബര്‍ 8, 2007

വിവരാവകാശം, ഉപഭോക്തൃ സംരക്ഷണം.

Filed under: Right to Information Act, വിവരാവകാശ നിയമം — അങ്കിള്‍ @ 3:18 am

വിവരാവകാശ നിയമം, ഉപഭോതൃ സംരക്ഷണ നിയമം

വിവരാവകശ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം ഇവ രണ്ടിനേയും പറ്റി കൂടുതല്‍ അറിയാനൊരു മോഹം. റിട്ടയര്‍ ചെയ്ത്‌ വീട്ടില്‍ കൂനിക്കൂടി ഇരിക്കയല്ലേ. സമയം ധാരാളം. ബ്ലോഗ്‌ വായിച്ച്‌ മാത്രം സമയം കളയരുതെന്നൊരു വീണ്ടുവിചാരം. ഇന്നു മുതല്‍ ഈ രണ്ട്‌ നിയമങ്ങളെയും കുറിച്ച്‌ കൂടുതല്‍ അറിവ്‌ നേടാനൊന്നു ശ്രമിക്കുന്നു. വിവരമറിന്‍ഞ്ഞ ശ്രീമതിക്ക്‌ എന്തെന്നില്ലാത്ത സംന്തോഷം. അത്രയും നേരം എന്റെ ശല്യത്തില്‍നിന്നൊഴിവാകുമല്ലോയെന്നായിരിക്കും, ചിന്ത.

എന്തായാലും ഈ നിയമങ്ങളെപറ്റി ഞാന്‍ മനസ്സിലാക്കുന്ന കാര്യങ്ങളെ എനിക്കോ എന്റെ കുട്ടികള്‍ക്കോ (വേണമെങ്കില്‍) ഭാവിയില്‍ വായിച്ചുനോക്കുന്നതിലേക്കായി അപ്പപ്പോള്‍ ഇവിടെ കുറിച്ചിടുവാനാഗ്ര്ഹിക്കുന്നു.

നമ്മുടെയിടയിലുള്ള പത്രപ്രതിനിധി ബ്ലോഗ്ഗര്‍മാര്‍ക്ക്‌ ഈ നിയമങ്ങള്‍ പുത്തരിയല്ല. എന്നാലും ഒരു ഓര്‍മ്മപുതുക്കലാവാം. മറ്റു വായനക്കാര്‍ക്ക്‌ പുതിയ അറിവ്‌ പകരാന്‍ ചിലപ്പോള്‍ സഹായിച്ചേക്കാം.

ഞാനെഴുതിപ്പിടിപ്പിക്കാന്‍ പോകുന്ന കാര്യങ്ങളെപറ്റി കൂടുതല്‍ അറിവുള്ളവര്‍ എന്റെ പിഴവുകളെ ചൂണ്ടിക്കാണിച്ചാല്‍ ഉപകാരമായിരിക്കും

ഞാന്‍ മനസ്സിലാക്കുന്നത്.

വിവരക്കമ്മിഷന്‍

ഒഴിവാക്കപ്പെട്ടവ ഏതെല്ലാം

പബ്ലിക്ക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍.

Blog at WordPress.com.